Rathrimazha

Poem : Rathrimazha
Lyricist(s) : Sugathakumari
രാത്രിമഴ,
ചുമ്മാതെ കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം
ഭ്രാന്തിയെപ്പോലെ
രാത്രിമഴ,
പണ്ടെന്റെ സൌഭാഗ്യരാത്രികളിലെന്നെ
ചിരിപ്പിച്ച ,
കുളിര്‍ കോരിയണിയിച്ച
വെണ്ണിലാവേക്കാള്‍ പ്രിയം
തന്നുറക്കിയോരന്നത്തെയെന്‍പ്രേമസാക്ഷി
രാത്രിമഴ, രാത്രിമഴയോടു ഞാന്‍ പറയട്ടെ,
നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
നിന്റെയലിവും അമര്‍ത്തുന്ന രോഷവും,
ഇരുട്ടത്ത് വരവും,
തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍ തിടുക്കവും
കള്ളച്ചിരിയും, നാട്യവും ഞാനറിയും ….
അറിയുന്നതെന്തു കൊണ്ടെന്നോ…..സഖീ….
ഞാനുമിതു പോലെ…രാത്രിമഴപോലെ…..
രാത്രിമഴപോലെ….രാത്രിമഴപോലെ…

Lyrics – Ml